ജിയോജിത് ബി.എൻ.പി പാരിബ നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദ വരുമാനത്തിൽ 23 ശതമാനം വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ 62.02 കോടി രൂപയിൽ നിന്ന് 76.01 കോടി രൂപയായാണ് വരുമാനം കൂടിയത്. ഇക്കാലയളവിൽ നികുതിക്ക് മുൻപുള്ള ലാഭം 20.15 കോടി രൂപയിൽ നിന്ന് 25.89 കോടി രൂപയായും ഉയർന്നു. 28 ശതമാനം വർദ്ധനയാണ് ലാഭത്തിലുണ്ടായത്.
2014 ഡിസംബർ 31ലെ കണക്കനുസരിച്ച്, കമ്പനി മാനേജ് ചെയ്യുന്ന ഉപഭോക്താക്കളുടെ ധനകാര്യ ആസ്‌തി ചരിത്രത്തിലാദ്യമായി 23,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മൂലധന വിപണി മെച്ചപ്പെട്ടത് ഈവർഷം മൂന്നാം പാദ പ്രവർത്തനഫലം കുതിച്ചുയരാൻ കാരണമായതെന്ന് ജിയോജിത് ബി.എൻ.പി പാരിബ മാനേജിംഗ് ഡയറക്‌ടർ സി.ജെ. ജോർജ് പറഞ്ഞു. അടുത്ത പാദത്തിലും സമാനമായ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. സെൻസെക്‌സിലും നിഫ്‌റ്റിയിലും ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ബി.എൻ.പി പാരിബയ്‌ക്ക് ഏഴ് ലക്ഷത്തിലേറെ ഉപഭോക്താക്കളുണ്ട്.
No comments:
Post a Comment