വിപണിയില്‍ നിന്ന് ഒരു ഓഹരി തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ അങ്ങേയറ്റം ശ്രമകരമാണ്. വിവിധ പത്ര-ന്യൂസ് ചാനലുകളില്‍ വരുന്ന വിദഗ്ധരുടെ ശുപാര്‍ശയനുസരിച്ച് വാങ്ങാം എന്നു കരുതിയാല്‍ ഓരോന്നും വ്യത്യസ്തമാണുതാനും. ഇതിലേതാണ് കറക്ട്? ഏതു തിരഞ്ഞെടുത്താലാണ് നേട്ടമുണ്ടാക്കാനാവുക?
ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തിലല്ല, മറിച്ച് മാര്‍ക്കറ്റിലെ ഭൂരിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചാണ് ഓഹരികള്‍ക്ക് വിലയേറുന്നതും ഇടിയുന്നതും. ഇത്തരത്തിലുള്ള ഭൂരിഭാഗത്തിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള തീരുമാനം നാം എടുക്കുക എന്നത് ശ്രമകരമായ സംഗതിയാണെന്ന് പറയാതെ തന്നെ അറിയാവുന്നതുമാണ്. പഴയ കാലത്ത് ഒരു പ്രമുഖ പത്രം നടത്തിയെന്നു പറയപ്പെടുന്ന ഒരു മത്സരം പോലെ! 100 സ്ത്രീകളുടെ ചിത്രം നല്‍കിയ ശേഷം അതില്‍ നിന്ന് തങ്ങള്‍ക്ക് ഏറ്റവും സുന്ദരികള്‍ എന്നു തോന്നുന്ന 6 സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുക്കാനായിരുന്നു മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഇനി സമ്മാനത്തിന് അര്‍ഹര്‍ ആരാണെന്നതാണ് രസകരം. പങ്കെടുത്ത എല്ലാവരുടെയും ഉത്തരത്തിനനുസരിച്ച് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിരഞ്ഞെടുത്ത 6 ചിത്രങ്ങള്‍ ആവും ഇവിടെ 'ബെഞ്ച്മാര്‍ക്ക്' ആയി നിശ്ചയിക്കുക. എന്നിട്ട് ആരുടെ ഉത്തരമാണോ ഈ ബെഞ്ച്മാര്‍ക്കിനോട് ഏറ്റുവുമടുത്തു നില്‍ക്കുന്നത് അവര്‍ക്കായിരിക്കും സമ്മാനം! കേള്‍ക്കുമ്പോള്‍ വിചിത്രമെന്നും നിസ്സാരമെന്നും തോന്നാവുന്ന ഈ മത്സരം വിചാരിക്കും പോലെ അത്ര എളുപ്പമല്ല.
മത്സരാര്‍ത്ഥിയെ ബുദ്ധിമുട്ടിപ്പിക്കുന്ന ചില പ്രശ്‌നങ്ങള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. തനിക്ക് ഏറ്റവും സുന്ദരികളെന്നു തോന്നുന്ന 6 സ്ത്രീകളെ 100 ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുക എന്നതാണ് ഒന്നാമത്തെ കടമ്പ. തന്റെ സ്വന്തം ഇഷ്ടം മാത്രം നോക്കിയാല്‍ മതിയെന്നതിനാല്‍ ഇത് അതുകൊണ്ട് തന്നെ താരതമ്യേന എളുപ്പമായ സംഗതിയാണെന്ന് പറയേണ്ടിവരും. എന്നാല്‍ ഇവിടെയല്ല യഥാര്‍ത്ഥ പ്രശ്‌നം. ഈ മത്സരത്തിന് സമ്മാനം ലഭിക്കണമെങ്കില്‍ താന്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഭൂരിഭാഗം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സമ്മാനം ലഭിക്കണമെങ്കില്‍ തന്റെ ഇഷ്ടം മാത്രം നോക്കിയാല്‍ പോര, മറിച്ച് ഭൂരിഭാഗം ഈ ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുക ഏതൊക്കെയാവും എന്നുകൂടി മുന്‍കൂട്ടി അറിയേണ്ടതുണ്ട്. മറ്റൊരു കാതലായ പ്രശ്‌നം കൂടി മത്സരാര്‍ത്ഥി നേരിടുന്നുണ്ട്. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡമെന്നതാണത്. കാണുന്നവന്റെ കണ്ണുകളിലാണ് സൗന്ദര്യമെന്നു പറയുംപോലെ ഓരോരുത്തരെയും സംബന്ധിച്ച് സൗന്ദര്യത്തിന്റെ അളവുകോലുകള്‍ വ്യത്യസ്തമാണ്. ലഭ്യമായ വിവിധ ഓഹരികളില്‍ നിന്ന് ഏറ്റവും ലാഭമുണ്ടാക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ഒരാളോടു പറഞ്ഞാല്‍ അയാള്‍ നേരിടുന്ന പ്രശ്‌നവും ഇതുതന്നെയാണ്.
എന്നാല്‍ ഏറ്റവും ലാഭമുണ്ടാക്കാനിടയുള്ള ഓഹരികള്‍ എന്നതിനു പകരം നിങ്ങള്‍ക്കു ഏറ്റവും മികച്ചതെന്നു തോന്നുന്ന 6 ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ ലളിതമാകും. ഒരു കമ്പനിയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളുടെ വിശകലനത്തിനു ശേഷമോ, പ്രൈസ് ചാര്‍ട്ടിനെക്കുറിച്ചുള്ള പഠനത്തിനുശേഷമോ വളരെ എളുപ്പത്തില്‍ 6 ഓഹരികള്‍ തിരഞ്ഞെടുക്കാം. പക്ഷേ, ഈ ഓഹരികള്‍ മാര്‍ക്കറ്റില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ മാര്‍ക്കറ്റിലെ ഭൂരിഭാഗത്തിനും ഈ ഓഹരികള്‍ തന്നെയാണ് മികച്ചതെന്ന തോന്നലുണ്ടാകണം. മേല്‍പ്പറഞ്ഞ മത്സരാര്‍ത്ഥികള്‍ നേരിടുന്നതിനു സമാനമായ പ്രശ്‌നം എന്നു മാത്രമല്ല സൗന്ദര്യത്തിന്റെ അളവുകോലുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നു പറയുംപോലെ മികച്ച ഓഹരികള്‍ എന്ന നിര്‍വചനം ഓരോരുത്തരിലും വ്യത്യസ്തമാണുതാനും. ഏറ്റവും മികച്ച ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളാണ് ചിലര്‍ക്ക് മികച്ചതെങ്കില്‍, മറ്റു ചിലര്‍ക്ക് ഉയര്‍ന്ന ആന്തരിക മൂല്യമുള്ളവയാണ് മികച്ചത്. ചിലര്‍ക്കാകട്ടെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ളതിനോടാണ് താത്പര്യം. മറ്റു ചിലര്‍ക്ക് ഉയര്‍ന്ന വിപണി മൂല്യമുള്ളതിനോടും.
ഏറ്റവും മികച്ചതെന്ന് തോന്നിയ ഓഹരികളില്‍ നിക്ഷേപിച്ചിട്ടും എന്തുകൊണ്ടാണ് നേട്ടമുണ്ടാക്കാനാകാതെ പോയതെന്ന സംശയത്തിന്റെ ഉത്തരം ഇതുതന്നെ. ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ക്കു തോന്നുന്നതിനല്ല, മറിച്ച് ഏറ്റവും മികച്ചതെന്ന് ഭൂരിഭാഗത്തിനു തോന്നുന്ന 6 ചിത്രങ്ങള്‍ക്ക് ഏറ്റവും അടുത്തു നില്‍ക്കുന്ന ഉത്തരത്തിനാണ് സമ്മാനം. ഓഹരി വിപണിയില്‍ ചിത്രങ്ങള്‍ക്കു പകരം ഓഹരികള്‍ ആണെന്ന വ്യത്യാസം മാത്രം.
No comments:
Post a Comment