Monday, 5 January 2015

ഓഹരികളുടെ തിരഞ്ഞെടുപ്പ് കെണിയായി മാറാതിരിക്കാന്‍


രാനിരിക്കുന്ന വളര്‍ച്ച നിലവിലുള്ള ഓഹരി വിലയില്‍ പ്രതിഫലിക്കാത്ത കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുന്നതിനെയാണ് 'വാല്യു പിക്ക്' (value pick) എന്ന് പറയുന്നത്. ഇന്‍ഫോസിസും ഭാരതി എയര്‍ടെല്ലും എല്‍ ആന്‍ഡ് ടിയുമൊക്കെ ഒരു കാലത്തെ വാല്യു പിക്കുകളായിരുന്നു. 


ഇന്‍ഫോസിസ് ഐപിഒ ഇറക്കിയപ്പോള്‍ ഓഹരികള്‍ വാങ്ങാനായി വേണ്ടത്ര അപേക്ഷകരുണ്ടായിരുന്നില്ല. 45 രൂപക്ക് ഐപിഒ ഇറക്കിയ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി അതിനു ശേഷം 21 രൂപ വരെ ഇടിയാന്‍ ഒരു വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഈ കമ്പനികളുടെ വളര്‍ച്ചാ സാധ്യതയെ വലിയൊരു വിഭാഗം നിക്ഷേപകരും അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതേസമയം അവയുടെ വളര്‍ച്ച തിരിച്ചറിഞ്ഞ നിക്ഷേപകര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികള്‍ കൈവശം വയ്ക്കുകയും വന്‍നേട്ടം കൊയ്യുകയും ചെയ്തു. 



ഇതിനൊരു മറുവശമുണ്ട്. ഇന്‍ഫോസിസോ ഭാരതി എയര്‍ടെല്ലോ പോലെ നാളത്തെ 'മള്‍ട്ടിബാഗര്‍' (multibagger - പല മടങ്ങ് നേട്ടം നല്‍കുന്ന ഓഹരി) ആകുമെന്നു കരുതി വില കുറഞ്ഞ ഓഹരികള്‍ വാങ്ങുക എന്ന നിക്ഷേപ തന്ത്രം സ്വീകരിക്കുന്നവര്‍ പെടുന്ന കെണിയാണ് ഈ മറുവശം. ഇത്തരം ഓഹരികള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് നിക്ഷേപകര്‍ പെന്നി സ്റ്റോക്കുകളിലേക്കും (penny stocks) സ്‌മോള്‍-മൈക്രോ ക്യാപ് (small cap - micro cap) ഓഹരികളിലേക്കുമൊക്കെ ആകൃഷ്ടരാകുന്നത്. 


പൊതുവെ നിക്ഷേപകര്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പെന്നി സ്റ്റോക്കുകളോടും സ്‌മോള്‍ ക്യാപ്-മൈക്രോ ക്യാപ് ഓഹരികളോടുമുള്ള കമ്പം. പെന്നി സ്റ്റോക്കുകളെന്നാല്‍ വില കുറഞ്ഞ ഓഹരികളാണ് എന്ന തെറ്റിദ്ധാരണ നിക്ഷേപകര്‍ക്കിടയിലുണ്ട്. പൊതുവെ 10 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് പറയുന്നത്. എസ്ബിഐയുടെ ഒരു ഓഹരി വാങ്ങാന്‍ 2250 രൂപയോളം നല്‍കണമെന്നിരിക്കെ അത്രയും രൂപ നല്‍കിയാല്‍ 10 രൂപ ഓഹരി വിലയുള്ള ഒരു കമ്പനിയുടെ 225 ഓഹരികള്‍ വാങ്ങാമല്ലോ എന്ന ചിന്തയാണ് നിക്ഷേപകരെ പെന്നി സ്റ്റോക്കുകളിലേക്ക് ആകര്‍ഷിക്കുന്നത്. ഓഹരിയുടെ വില എത്ര രൂപയാണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല, കമ്പനിയുടെ മൂല്യം വിലയിരുത്തേണ്ടത് എന്ന പ്രാഥമിക കാര്യം അത്തരം നിക്ഷേപകര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. 


ഒരു കമ്പനിയുടെ ഗുണമേന്മ അളക്കേണ്ടത് കമ്പനിയുടെ മാനേജ്‌മെന്റിന്റെ മികവ്, വളര്‍ച്ചാസാധ്യത, സാമ്പത്തിക നില എന്നിവയെ ആധാരമാക്കിയാണ്. ഓഹരിയുടെ മൂല്യം വിലയിരുത്താന്‍ ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തക മൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ 10 രൂപ വിലയുള്ള ഓഹരി ചെലവേറിയതും 1000 രൂപ വിലയുള്ള ഓഹരി ചെലവ് കുറഞ്ഞതുമായിത്തീരാം. ഓഹരിയുടെ വില എത്രയായാലും അതിന്റെ മൂല്യത്തെയാണ് നിക്ഷേപകര്‍ പരിഗണിക്കേണ്ടത്. പക്ഷേ 'മൊമന്റം സ്റ്റോക്കു'കള്‍ക്കു പിന്നാലെയും കമ്പനികള്‍ നല്‍കുന്ന 'വാല്യു പിക്ക് കോളു'കള്‍ക്കു പിന്നാലെയും പായുന്നവരില്‍ സ്വന്തം നിലയില്‍ ഇത്തരം മൂല്യനിര്‍ണയം നടത്തിനോക്കാന്‍ മുതിരുന്നത് ചുരുക്കം ചിലര്‍ മാത്രം. 


രണ്ടായിരം കോടി രൂപയില്‍ താഴെ വിപണിമൂല്യമുള്ള സ്‌മോള്‍ ക്യാപ്പുകള്‍ക്കിടയിലും ആയിരം കോടി രൂപയില്‍ താഴെ വിപണിമൂല്യമുള്ള മൈക്രോ ക്യാപ്പുകള്‍ക്കിടയിലും വാല്യു പിക്കുകള്‍ക്കായി തിരഞ്ഞുനടക്കുന്നവരുണ്ട്. ഇത്തരം പിക്കുകള്‍ 'വാല്യു ട്രാപ്പ്' ആയി മാറാനുള്ള സാധ്യതയെ പലരും മുന്‍കൂട്ടി കാണാറില്ല. റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് പോലുള്ള ഒരു കാലത്തെ 'മള്‍ട്ടിബാഗറുകള്‍' നിക്ഷേപകരെ കണ്ണീരു കുടിപ്പിച്ച കഥ മറക്കാറായിട്ടില്ല. വാല്യു പിക്കുകള്‍ വാല്യു ട്രാപ്പ് ആയി മാറാതിരിക്കാന്‍ സ്വന്തം നിലയില്‍ മിനിമം ഗവേഷണമെങ്കിലും നടത്തി നോക്കുന്നത് നന്ന്. 

കെ.അരവിന്ദ്‌

No comments:

Post a Comment