കൊച്ചിയിലെ ചെറുകിട വ്യാപാരിയുടെ മകളായ ആരതി ഫയലില്‍ സൂക്ഷിച്ചിരുന്ന ഒരുകെട്ടു പേപ്പറുകളുമായാണ് ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ ഓഫീസിലെത്തിയത്. പൊടിഞ്ഞുതുടങ്ങിയവയായിരുന്നു കടലാസുകളിലേറെയും. അവയിലൂടെ പരതിയപ്പോഴാണ് എല്ലാം പലസമയങ്ങളിലായി നിക്ഷേപിച്ച മ്യൂച്വല്‍ ഫണ്ടുകളുടെ വിവരങ്ങളാണെന്ന് മനസിലായത്.
നിക്ഷേപസമയത്ത് ലഭിച്ച സ്റ്റേറ്റുമെന്റുകളായിരുന്നു അവയൊക്കെ. ഏതൊക്കെ ഫണ്ടുകളിലാണ് നിക്ഷേപമുള്ളതെന്നോ എത്ര മൂല്യണ്ടെന്നോ ആരതിക്ക് അറിയില്ലായിരുന്നു. നിലവില്‍ വിപണിയിലില്ലാത്ത ഫണ്ടുകളുമുണ്ടായിരുന്നു. ചില ഫണ്ട് കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുപോലുമില്ല(ഇവ മറ്റ് എഎംസികള്‍ ലയിച്ചതാണ് കാരണം). പല ഫണ്ടുകളുടേയും പേരുകള്‍ മാറിയിരിക്കുന്നു. അവയുടെയെല്ലാം മൂല്യം കണക്കാക്കലായിരുന്നു ആദ്യപടി.
ഓഹരി വിപണിയിലെ കുതിപ്പ് പല ഫണ്ടുകളിലും മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിച്ചിരുന്നു. ഏതായാലും ലോട്ടറിയടിച്ചാലുണ്ടാകുന്നതുപോലുള്ള സന്തോഷത്തോടെയാണ് ആരതി അവിടെനിന്ന് പോയത്. കയ്യിലുള്ള പഴയ പേപ്പറുകളില്‍ കാണിച്ചിരിക്കുന്ന ഫണ്ടുകളുടെ മൂല്യം പത്തുലക്ഷത്തിലേറെ വരും!.
ഇനി ഒരു സ്റ്റേറ്റ്‌മെന്റ്
മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം എളുപ്പത്തില്‍ മനസിലാക്കാന്‍ പൊതുവായ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ സെബി ഫണ്ട് കമ്പനികളോട് നിര്‍ദേശിച്ചുകഴിഞ്ഞു. ഏതൊക്കെ ഫണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും അവയുടെ മൂല്യമെത്രയാണെന്നും എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കുന്നു. വ്യത്യസ്ത സമയങ്ങളില്‍ ഏതൊക്കെ ഫണ്ടുകളില്‍ നിക്ഷേപിച്ചാലും ഒരൊറ്റ സ്റ്റേറ്റ് മെന്റില്‍ വിവരങ്ങളെല്ലാം നല്‍കുന്നതാണ് പദ്ധതി.
സര്‍ക്കാര്‍ ഓഫീസുകളിലെ ഫലയുകള്‍ പോലെ ഫണ്ടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ഇനി സൂക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം. അതാത് മാസത്തെ നിക്ഷേപങ്ങളുടെ വിവരങ്ങളുമായി ഇ-മെയിലിലോ തപാലിലോ സ്റ്റേറ്റ്‌മെന്റ് ലഭിക്കും. തുടര്‍ച്ചയായി നിക്ഷേപം നടത്താത്തവരാണെങ്കില്‍ കൈവശമുള്ള ഫണ്ടുകളുടെ വിവരങ്ങളുമായി വര്‍ഷത്തില്‍ രണ്ടുതവണ സ്റ്റേറ്റ്‌മെന്റ് എത്തും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഫണ്ട് കമ്പനികള്‍ക്ക് നവംബര്‍ 12ന് സെബി കൈമാറി. കാംസ്, കാര്‍വി തുടങ്ങിയ മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരും എഎംസി(ഫണ്ട് കമ്പനി)കളുമാണ് ഇത് നടപ്പാക്കേണ്ടത്.2015 മാര്‍ച്ച് മുതല്‍ പദ്ധതി നിലവില്‍വരും.
പ്രത്യേകതകള്‍
1. ഒരു സ്റ്റേറ്റ്‌മെന്റില്‍ (സിഎഎസ്-കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ് മെന്റ്) ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും.
2.ഇടയ്ക്കിടെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് അതാത് മാസാവസാനം സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. ഇടപാടൊന്നും നടത്തിയില്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണ കൈവശമുള്ള ഫണ്ടുകളുടെ വിവരങ്ങളും അവയുടെ മൂല്യവും അറിയിക്കും.
3.പാന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് വിവിധ ഫണ്ടുകളിലുള്ള നിക്ഷേപം ക്രോഡീകരിക്കുന്നത്(നിലവില്‍ പാന്‍നമ്പര്‍ ഇല്ലാതെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം സാധ്യമല്ല). പാന്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് നിക്ഷേപിച്ചവര്‍ കെവൈസി നിബന്ധനകള്‍ പാലിക്കുക.
4. ഫണ്ട് ഡീമാറ്റ് രൂപത്തിലാണെങ്കില്‍ എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിവയായിരിക്കും സ്റ്റേറ്റ്‌മെന്റ് അയയ്ക്കുക. അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരോ ഫണ്ട് കമ്പനികളോ ആയിരിക്കും ഇത് കൈകാര്യം ചെയ്യുക.
5. ഇ-മെയിലോ തപാലോ ഏത് രീതി വേണമെങ്കിലും നിക്ഷേപകന് തിരഞ്ഞെടുക്കാം.
No comments:
Post a Comment