ആഗോള സൂചികകള്‍ക്കൊപ്പം ഇന്ത്യന്‍ വിപണിയും അസ്ഥിരമായി ആടിയുലയുന്നതിന് നമ്മള്‍ സാക്ഷ്യം വഹിച്ചു. ഈ വര്‍ഷമാദ്യം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താനുള്ള സൂചന നല്‍കുമോയെന്നായിരുന്നു ആഗോളതലത്തില്‍ നിക്ഷേപകരുടെ ആശങ്ക. വികസിത രാജ്യങ്ങളിലെ അനുകൂലമായ ധനനയംമൂലം ഇന്ത്യയടക്കമുള്ള ഉയര്‍ന്നുവരുന്ന വിപണികളിലേക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്‍തോതില്‍ മൂലധനപ്രവാഹമായിരുന്നു. അമേരിക്ക പലിശനിരക്ക് ഉയര്‍ത്തിയാല്‍ ആ പണമൊഴുക്ക് തടസപ്പെടുമെന്നും ഇവിടേക്കെത്തിയ ആ പണത്തില്‍ കുറച്ചെങ്കിലും തിരിച്ചുപോയേക്കുമെന്നുമാണ് ആശങ്ക. ഒപ്പം റൂബിളിന്റെ മൂല്യത്തകര്‍ച്ച മൂലമുള്ള റഷ്യയുടെ സാമ്പത്തികാവസ്ഥയും ആശങ്കയുളവാക്കി. 2014ലെ റൂബിളിന്റെ മൂല്യത്തകര്‍ച്ച 58 ശതമാനം വരെയായിരുന്നു. ക്രൂഡ് ഓയ്ല്‍ വിലത്തകര്‍ച്ചയും യുക്രെയ്‌നിനെതിരായ നടപടിമൂലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ചുമത്തിയ ഉപരോധവും റഷ്യയെ കാര്യമായി ബാധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് മാറ്റിവെക്കാന്‍ തയാറാണെന്ന അമേരിക്കയുടെ സൂചനയും റൂബിളിന്റെ ചെറിയ തോതിലുള്ള തിരിച്ചുവരവും കേട്ടതോടെ ഇന്ത്യന്‍ ഓഹരിവിപണി തിരിച്ചുകയറി.
വ്യാവസായിക ചലനങ്ങള്‍ നിരീക്ഷിക്കുക
നിരാശാജനകമായ വ്യാവസായിക വളര്‍ച്ചാ സൂചികയും പണപ്പെരുപ്പം കുറഞ്ഞ കണക്കുകളും റിസര്‍വ് ബാങ്കിന്റെ നയാവലോകന യോഗം നടക്കുന്ന ഫെബ്രുവരിക്ക് മുമ്പേതന്നെ പലിശനിരക്ക് കുറച്ചേക്കുമെന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രത്യാശ വളരുന്നു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി ഒക്‌റ്റോബറിലെ വ്യാവസായിക വളര്‍ച്ചാസൂചിക 4.2 ശതമാനമായി ചുരുങ്ങി. മൂന്ന് വര്‍ഷത്തിലെ ഏറ്റവും കുറവാണിത്. അടുത്ത നയാവലോകന യോഗത്തിനു മുമ്പേ ആവശ്യമെങ്കില്‍ പലിശനിരക്കില്‍ മാറ്റം വരുത്താമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കഴിഞ്ഞ നയാവലോകന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. അനുബന്ധ കണക്കുകളുടെ വരവോടെ പലിശനിരക്ക് കുറയ്ക്കാനുള്ള മുറവിളിക്ക് ശക്തിയേറിയിരിക്കുകയാണ്.
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് (ചടടഛ) ഈയിടെ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഗ്രാമങ്ങളിലെ 58 ശതമാനവും കാര്‍ഷികവൃത്തിയെ ഉപജീവനമായി സ്വീകരിച്ചവരാണ്. അതില്‍ പകുതിയിലധികവും കടക്കെണിയിലാണ്. ഗ്രാമീണ മേഖലയില്‍ വില്‍പ്പന കുറയുന്നതോടെ ആ വിപണി ലക്ഷ്യമിടുന്ന കമ്പനികള്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ നിക്ഷേപകര്‍ വ്യാവസായിക ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. ടി.സി.എസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹാവെല്‍സ്, ടിടികെ പ്രസ്റ്റീജ് എന്നീ കമ്പനികള്‍ ഇതിനകം പ്രതീക്ഷിത വരുമാന നേട്ടത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ചില വ്യവസായ മേഖലയ്ക്ക് ഗുണകരമായേക്കുന്ന പോസിറ്റീവ് വാര്‍ത്തകളും വരുന്നുണ്ട്. ജിഎസ്ടി ബില്ലില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സമവായത്തിലെത്തിയത് സമ്പദ്ഘടനയ്ക്ക് വലിയ ഉത്തേജനം പകരും. ലോജിസ്റ്റിക്‌സ്, ഓട്ടോമൊബീല്‍ വ്യാവസായങ്ങള്‍ക്ക് പ്രത്യേകിച്ചും ഗുണപ്പെടും.
അതീവ കരുതലോടെ വേണം നിക്ഷേപകര്‍ ഈ സാഹചര്യത്തില്‍ ഓഹരി തെരഞ്ഞെടുക്കാന്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മിക്ക ഓഹരികളിലും കാര്യമായ വിലവര്‍ധനയുണ്ടായിട്ടുണ്ട്. ഒരുപക്ഷേ, ചില ഓഹരികളിലെങ്കിലും അടിസ്ഥാന ഘടകങ്ങളും ഗുണവും കണക്കിലെടുക്കാതെയുള്ള വില വര്‍ധനയായിരുന്നെന്ന് പറയാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കാര്യമായി മുതല്‍മുടക്കിയ ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ മാറിനില്‍ക്കുകയാകും ഇപ്പോള്‍ നല്ലത്. വിപണിയിലെ താരപരിവേഷമുള്ള ഓഹരിയുടെ പിന്നാലെയും പോകുന്നതും അത്ര നന്നല്ല. പി.ഇ അനുപാതം കൂടി നില്‍ക്കുന്ന ഓഹരികളില്‍ നിന്നും അകന്നുനില്‍ക്കുക. പകരം മൂല്യമേറിയ ഓഹരികള്‍ തെരഞ്ഞെടുക്കുക. നിലവിലെ സാഹചര്യത്തില്‍ അതായിരിക്കും സുരക്ഷിതം.
No comments:
Post a Comment