Monday, 5 January 2015

എന്താണ് ഓഹരി വിപണി


1956ലെ കമ്പനി നിയമം അനുസരിച്ച് പബ്ലിക് കമ്പനികള്‍ക്ക് കമ്പനിക്ക് പുറമെയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി നല്‍കി പണം സമാഹരിക്കുവാന്‍ അധികാരമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണം കമ്പനിയുടെ മൂലധനമായി മാറുന്നതാണ്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന പൈസ നിക്ഷേപകന് കമ്പനി അടച്ചുപൂട്ടുന്ന സമയത്ത് മാത്രമേ ലഭിക്കുകയുള്ളൂ. ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം അത് നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്നതിനാല്‍ നിക്ഷേപകന് മുടക്കിയ പണം തിരിച്ച് കിട്ടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. ഈ സാഹചര്യത്തില്‍ കമ്പനികളില്‍ വലിയ നിക്ഷേപത്തിന് ആരും തന്നെ തയ്യാറാകില്ലെന്നതാണ് വാസ്തവം.
എന്നാല്‍ രാജ്യത്ത് വലിയ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെങ്കില്‍ ധാരാളം മൂലധനം ആവശ്യമാണ്. അതിനായി കൂടുതല്‍ വ്യക്തികളും സംരംഭങ്ങളും മറ്റു കമ്പനിക്കുള്ളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായേ മതിയാകൂ. ഇതിനാവശ്യമായ സാഹചര്യം രാജ്യത്തില്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരിവിപണികള്‍ നിലവില്‍ വന്നത്. വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികള്‍ യഥേഷ്ടം വാങ്ങുവാനും വില്‍ക്കുവാനും നിക്ഷേപകര്‍ക്കു സാധിക്കുന്ന തരത്തിലാണ് ഓഹരിവിപണികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യപ്പെടണമെങ്കില്‍ കമ്പനികള്‍ ഒത്തിരി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ പല നിര്‍ദ്ദേശങ്ങളും നിക്ഷേപകന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.
ചുരുക്കത്തില്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുവാനും ആവശ്യമുള്ളപ്പോള്‍ വില്‍ക്കുവാനും ഓഹരി വിപണി അവസരം നല്‍കുന്നു. ഭാരതത്തില്‍ പ്രധാനമായും 2 ഓഹരി വിപണികള്‍ ആണുള്ളത്. മുംബൈ ഓഹരിവിപണിയും നാഷണല്‍ ഓഹരി വിപണിയും. ഈ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനികളെയാണ് ലിസ്റ്റഡ് കമ്പനികള്‍ എന്നു പറയുന്നത്.

No comments:

Post a Comment