1. നല്ല കമ്പനികള്‍ തെരഞ്ഞെടുക്കുക
ഉയര്‍ന്ന പ്രൊഫഷണലിസം, നല്ല മാനേജ്‌മെന്റ്, തുടര്‍ച്ചയായ ലാഭം, ബിസിനസ് വളര്‍ച്ചാ സാധ്യത ഇവയിലെല്ലാം മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളെ വേണം തെരഞ്ഞെടുക്കാന്‍. പ്രത്യേകിച്ചും ബിസിനസ് ഇടപാടുകളില്‍ സത്യസന്ധത
പുലര്‍ത്തുന്ന കമ്പനികള്‍. പരസ്പരം പോരടിക്കുന്ന ഫാമിലി മാനേജ്‌മെന്റുള്ള കമ്പനികള്‍ വേണ്ട, കടക്കെണിയില്‍ മുങ്ങിയിരിക്കുന്നവയും. നിക്ഷേപയോഗ്യമായ കുറച്ച് കമ്പനികളുടെ ഒരു ലിസ്റ്റ് തയാറാക്കുക. Tata steel, Tata Motors, Reliance, IOC, BPCL, ONGC, Maruti, M&M, Bajaj Auto, Bharti, DLF, Hero Motocorp, SBI, HDFC, HDFC Bank, L & T, ACC, Ambuja, Lupin, Sun Pharma, Infosys, TCS, HCL, ITC, Asian Paints, Axis Bank, ICICI Bank, Ranbaxy, Tech Mahindra, NTPC, JP, Hindalco മുതലായ കമ്പനികളെ പരിഗണിക്കാം. അനുകൂല സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചു കയറും. മാര്‍ക്കറ്റ് ഇടിയുമ്പോള്‍ വിലയിടിവ് അധികം ബാധിക്കുകയുമില്ല.
2. വില കുറഞ്ഞിരിക്കുമ്പോള്‍ നിക്ഷേപിക്കുക
നല്ല ഓഹരികള്‍ തെരഞ്ഞെടുത്താല്‍ മാത്രം പോരാ; എപ്പോള്‍ നിക്ഷേപിക്കണം എന്ന് തീരുമാനിക്കണം. എടുത്ത് ചാടാതെ വില താഴുന്നതിനായി ക്ഷമയോടെ കാത്തിരിക്കുക. കയറ്റവും ഇറക്കവും വിപണിയിലെ ചാക്രിക പ്രതിഭാസങ്ങളാണല്ലോ. വില മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുമ്പോള്‍ (ബുള്‍ മാര്‍ക്കറ്റില്‍) നിക്ഷേപിക്കരുത്. പക്ഷേ, വില കയറുമ്പോഴാണ് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്. കുറഞ്ഞ് കഴിയുമ്പോള്‍ വില്‍ക്കുകയും ചെയ്യും. ഇക്കാരണംകൊണ്ടാണ് നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കുന്നത്.
ഫണ്ട് മാനേജര്‍മാര്‍ ഏറ്റവുമധികം പണം സമാഹരിച്ചത് 2007 ഓഗസ്റ്റ് മുതല്‍ 2008 ജനുവരി വരെ ആണ്. (വിപണി ഏറ്റവും ഉയര്‍ന്ന കാലഘട്ടത്തില്‍) അങ്ങനെ അനേകരുടെ കൈപൊള്ളി. വിപണി ഇറങ്ങാന്‍ കാത്തുനിന്നവര്‍ (21,000ത്തില്‍ നിന്ന് സെന്‍സെക്‌സ് 8400ലേക്ക് അധികം വൈകാതെ ഇറങ്ങിയല്ലോ) ലാഭം കൊയ്തു. വിപണി മാന്ദ്യം നല്ലൊരു നിക്ഷേ
പാവസരമാണ്.
3. ഏറ്റവും ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വില്‍ക്കുന്നതിനോ ഏറ്റവും താഴ്ന്നു നില്‍ക്കുമ്പോള്‍ വാങ്ങുന്നതിനോ എളുപ്പമല്ല
അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യമായി കണക്കാക്കാം. ഏറ്റവും കൂടിയ വിലയ്ക്കും ഏറ്റവും കുറഞ്ഞ വിലയ്ക്കും വേണ്ടി കാത്തിരിക്കുന്നത് അപകടകരമാണ്. കൊടുമുടിയുടെ മുകളിലെത്തിയാല്‍ കല്ല് താഴേക്ക് വരുന്നത്
വേഗത്തിലായിരിക്കും. 2008 ല്‍ സെന്‍സെക്‌സ് 1400ഉം 2000വും പോയ്‌ന്റൊക്കെയാണ് ഒരൊറ്റ ദിവസം 'ഇന്‍ട്രാ ഡേ' വ്യാപാരത്തില്‍ താഴ്ന്നത്! അതുപോലെ ഏറ്റവും അടിവാരത്തിലെത്തിയിട്ടുണ്ടെങ്കില്‍ വേഗത്തിലായിരിക്കും കയറ്റവും. ഏറ്റവും മുന്തിയ വിലയും താഴ്ന്ന വിലയും കൃത്യമായി നിശ്ചയിക്കുന്നത് ദുഷ്‌കരമാണ്. നല്ല ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന വിലയിലെത്തിയിട്ടുണ്ടെങ്കില്‍ വാങ്ങുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.
4. 'പെനി' സ്റ്റോക്കുകള്‍ വേണ്ട
വില കുറവായതുകൊണ്ട് ഓഹരികള്‍ വാങ്ങുന്നവരുണ്ട്. നിസാര വിലയുള്ള സ്‌റ്റോക്കുകള്‍ വാങ്ങാതിരിക്കുകയാണ് നല്ലത്. നല്ല ഇടത്തരം കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. താഴ്ന്നു നില്‍ക്കുന്ന ബ്ലൂ ചിപ്പ് കമ്പനികള്‍ വാങ്ങുന്നതാണ് ഏറ്റവും ഉചിതം. പക്ഷേ, സര്‍വ്വകാല റെക്കോഡില്‍ എത്തിനില്‍ക്കുന്ന TCS, HCL Tech, ITC, Sun Pharma, മുതലായ കമ്പനികളുടെ ഓഹരികളില്‍ വില താഴുമ്പോഴേ നിക്ഷേപിക്കാവൂ.
5. വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ വാങ്ങരുത്, കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വില്‍ക്കരുത്
ഇത് മുമ്പേ സൂചിപ്പിച്ചിട്ടുണ്ട്. മാന്ദ്യത്തിലാണ് വാങ്ങേണ്ടത്, കയറ്റത്തില്‍ വില്‍ക്കുകയാണ് വേണ്ടത്.
6. കമ്പനി മോശമാണെന്ന് കണ്ടാല്‍ വിറ്റ് മാറുക
മികച്ചതാണെന്ന് കരുതി ഓഹരി വാങ്ങുന്നു. പക്ഷേ ഫലം വന്നപ്പോള്‍ വളരെ മോശം. മാനേജ്‌മെന്റ് മോശമാണെന്നാണ് വിദഗ്ധാഭിപ്രായം. പിന്നെ ആ ഓഹരി വെച്ചുകൊണ്ടിരിക്കരുത്.
7. ലാഭമെടുക്കാന്‍ ധൃതി വേണ്ട
ചെറിയൊരു ലാഭം കണ്ടാല്‍ ക്ലോസ് ചെയ്യാനാണ് പലരും തിടുക്കം കാണിക്കുന്നത്. നഷ്ടം വന്നാല്‍ വെച്ചുകൊ—ണ്ടിരിക്കുകയും ചെയ്യും. ഇത് ശരിയല്ലെന്ന് പറയേണ്ടതില്ലല്ലോ. ഓഹരി വാങ്ങുമ്പോള്‍ എത്ര രൂപ വരെ വന്നാല്‍ കൊടുക്കാം എന്നൊരു മുന്‍ ധാരണ നല്ലതാണ്. 25 ശതമാനം ലാഭം കുഴപ്പമില്ലാത്ത നേട്ടമല്ലേ? ഓഹരി വിറ്റതിനുശേഷം കയറിയാല്‍ ദുഃഖിക്കേണ്ട. കൊടുത്ത വിലയുടെ താഴെ വന്നാലേ പിന്നെയും വാങ്ങാവൂ എന്നുമാത്രം. 25-30 ശതമാനം നേട്ടം വന്നാല്‍ വിറ്റ് വീണ്ടും ഇറങ്ങുമ്പോള്‍ വാങ്ങിക്കുന്ന രീതിയാണ് നല്ലത്.
8. ഓഹരി വിപണിയെ സസൂക്ഷ്മം പഠിച്ചുകൊണ്ടിരിക്കുക
ഓഹരി വിപണി അനേകം ഘടകങ്ങളെ ആശ്രയിച്ചാണ് നീങ്ങുന്നത്. അമേരിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍ വിപണികള്‍ അതിനെ സ്വാധീനിക്കുന്നുണ്ട്. ഭാരതത്തിലെ രാഷ്ട്രീയാന്തരീക്ഷവും വിലക്കയറ്റവും പലിശ നിരക്കും സമ്പദ്ഘടനയും
ഒക്കെയാണ് വിപണിയുടെ ചലനത്തെ നിയന്ത്രിക്കുന്നത്. നിക്ഷേപിച്ചിരിക്കുന്ന കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക സ്ഥിതിയും ഭാവിസാധ്യതകളും മനസിലാക്കിയാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കും.