ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് അഞ്ചുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞവര്‍ഷം ആദ്യ രണ്ടു പാദത്തില്‍ 952.8 ടണ്ണായിരുന്നു ആഗോളതലത്തില്‍ സ്വര്‍ണത്തിനുണ്ടായ ആവശ്യമെങ്കില്‍ ഈ വര്‍ഷം അതേ കാലയളവില്‍ ഇത് 929 ടണ്ണാണ്. തുടര്‍ച്ചയായി സ്വര്‍ണത്തിന് ആവശ്യം ഏറിവന്ന സാഹചര്യം മാറുന്നതായാണ് ഇതു വ്യക്തമാക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ആഗോള സാമ്പത്തികപ്രതിസന്ധി സ്വര്‍ണത്തെ കൂടുതല്‍ ആകര്‍ഷകമായ നിക്ഷേപമേഖലയാക്കി നിര്‍ത്തിയിരുന്നു. ബാങ്കുകളും ഓഹരിവിപണിയുമെല്ലാം പ്രതിസന്ധി നേരിട്ടപ്പോള്‍ ഏറ്റവും സുരക്ഷിത മേഖലയായി ലോകം മുഴുവന്‍ സ്വര്‍ണത്തെയാണ് കണ്ടത്. എന്നാല്‍, കഴിഞ്ഞ കുറച്ചു നാളായി രാജ്യാന്തര നാണയവിനിമയ വിപണിയില്‍ ഡോളര്‍ മികവു കാണിച്ചത് സ്വര്‍ണത്തിനു തിരിച്ചടിയായി.
സ്വര്‍ണവില 20,000 രൂപയിലും താഴെയെത്തി. ഈ അവസരത്തില്‍ സ്വര്‍ണം വാങ്ങണോ എന്ന ആശങ്കയിലാണ് സാധാരണ നിക്ഷേപകര്‍. വില ഇനിയും കുറയുമെന്ന പ്രതീക്ഷയും, സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാനാകുമോ എന്ന ആശങ്കയുമാണ് ഇപ്പോള്‍ പൊതുവേ ഉള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ 350 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായി. എന്നാല്‍, ഇതേ നേട്ടം ഇനിയുള്ള കാലത്തും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ വില 20 ശതമാനം ഇടിഞ്ഞു.ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയിലും കേരളത്തിലും സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. മാസങ്ങളായി സ്വര്‍ണത്തില്‍ കനത്ത ചാഞ്ചാട്ടം നിലനില്‍ക്കുന്നു. വെള്ളിയാഴ്ച സ്വര്‍ണവില കേരളത്തില്‍ പവന് 19,600 രൂപയായി താഴ്ന്നു. സ്വര്‍ണവില 20,000 രൂപയിലും താഴെയെത്തിയിട്ട് രണ്ടാഴ്ചയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം നാലുവര്‍ഷത്തിനിടയിലെ താഴ്ന്ന നിലയിലാണ്.
ആഗോളതലത്തില്‍ നാണയപ്പെരുപ്പം കുറയുന്നതും വിദേശനാണയ വിനിമയ വിപണിയില്‍ പ്രമുഖ കറന്‍സികള്‍ക്കു മുന്നില്‍ യുഎസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിന് തിരിച്ചടിയാകുന്നുണ്ട്. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1168.66 ഡോളറാണ് വില. 2015 പകുതിയോടെ ഇത് 1100 ഡോളറിന് താഴെ പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തില്‍ ഓഹരിവിപണിയില്‍ നിന്നു കൂടുതല്‍ ലാഭം ലഭിച്ചു തുടങ്ങിയതും ഏഷ്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് ഉപയോഗം ഉയരാത്തതും സ്വര്‍ണത്തിന് രാജ്യാന്തരതലത്തില്‍ തിരിച്ചടിയായിട്ടുണ്ട്. ഇന്ത്യയില്‍ ദീപാവലി കഴിഞ്ഞതോടെ ആവശ്യക്കാര്‍ കുറഞ്ഞതും തിരിച്ചടിയായി. ഇന്ത്യയില്‍ രൂപയുടെ മൂല്യവും ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്. ഇന്ത്യന്‍ കറന്‍സിക്ക് മൂല്യശോഷണം ഉണ്ടാകുമ്പോള്‍ ആഗോളതലത്തിലെ വിലയിടിവ് ഇവിടെ കാര്യമായി സ്വാധീനിക്കാറില്ല. എന്നാല്‍, ഇപ്പോള്‍ രൂപയും കാര്യമായ താഴ്ചയില്ലാതെ സ്ഥിരത പ്രകടിപ്പിക്കുമ്പോള്‍ സ്വര്‍ണവില കാര്യമായി മുന്നേറാനുള്ള സാധ്യത കുറവാണ്. അതുപോലെത്തന്നെ സ്വര്‍ണ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിതീരുവ 10 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതും ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയിരുന്നു.
ഇറക്കുമതി ഗണ്യമായി കുറഞ്ഞതോടെ തീരുവ കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഇതോടെ വില കുറഞ്ഞേക്കാം. എന്നാല്‍, ഇത് എപ്പോള്‍ സംഭവിക്കുമെന്ന് അറിയാത്ത കാര്യമാണ്. ഇറക്കുമതിതീരുവ കുറച്ചാല്‍പ്പോലും ആവശ്യക്കാര്‍ കുറവായതിനാല്‍ സ്വര്‍ണ ഇറക്കുമതി കാര്യമായി ഉയരാന്‍ സാധ്യതയില്ല. കേരളത്തില്‍ 2012 നവംബറില്‍ പവന് 24,240 രൂപ എന്ന സര്‍വകാല റെക്കോഡില്‍ എത്തിയശേഷം വില ക്രമേണ താഴുകയായിരുന്നു. 2013 ഏപ്രിലില്‍ 19,240 രൂപയിലെത്തിയതാണ് ഇക്കാലയളവിലെ ഏറ്റവും താഴ്ന്ന നില. തുടര്‍ന്നിങ്ങോട്ട് വിലയില്‍ കനത്ത ചാഞ്ചാട്ടമാണ് ഉള്ളതെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി വില തുടര്‍ച്ചയായി താഴുന്ന പ്രവണത കാണിച്ചതോടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ചെറിയ തോതിലുള്ള ചില വാങ്ങലുകള്‍ മാത്രമാണിപ്പോള്‍ നടക്കുന്നതെന്നാണ് വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.
നിക്ഷേപമായി കണ്ടുള്ള വാങ്ങലുകള്‍ ഒട്ടും തന്നെയില്ലെന്നും പറയാം. വില ഇനിയും കുറയുമെന്നു കരുതി ആളുകള്‍ കാത്തിരിക്കുന്നതാണ് കാരണം. അത്യാവശ്യമുള്ള ആഭരണങ്ങളല്ലാതെ വിവാഹാവശ്യംപോലുള്ള വന്‍ വില്‍പ്പനയും നിക്ഷേപാവശ്യത്തിനുള്ള വില്‍പ്പനയും ഇല്ലാത്ത അവസ്ഥയാണ്. വില ഇനിയും കുറയുമെന്നു കരുതി ആളുകള്‍ കാത്തിരിക്കുന്നതാണ് കാരണം. സ്വര്‍ണം ഉള്‍പ്പെടെ ഏതു നിക്ഷേപമേഖലയായാലും വില കുറഞ്ഞിരിക്കുമ്പോള്‍ ആരും നിക്ഷേപത്തിന് തയ്യാറാകില്ല എന്ന പൊതുപ്രവണത ഇവിടെയും ബാധകമാണ്. എന്തായാലും വിലയില്‍ വ്യക്തമായ സൂചന ഉണ്ടാകുന്നതുവരെ സ്വര്‍ണത്തിലെ നിക്ഷേപം കരുതലോടെ ആകുന്നതാണ് ഉചിതമെന്നാണ് വിദഗ്ധാഭിപ്രായം.
കടപ്പാട്: പി ജി സുജ, ദേശാഭിമാനി ദിനപത്രം .
No comments:
Post a Comment