Wednesday, 31 December 2014

ചെറുകിട നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ എന്തൊക്കെയാണ്?

► ഇത് മികച്ച അവസരം: സെന്‍സെക്‌സും നിഫ്റ്റിയും ഇത്രയധികം ഉയര്‍ന്നതുകൊണ്ട് ഇനിയൊരു വളര്‍
ച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണെന്ന് വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. ഇന്‍ഡെക്‌സ് വെറുമൊരു സൂചകം മാത്രമാണ്. ചെറിയ തിരുത്തലുകള്‍ ഉണ്ടാകാമെങ്കിലും സാഹചര്യങ്ങള്‍ വിലയിരുത്തിയാല്‍ അടുത്ത 3-4 വര്‍ഷത്തേക്ക് വിപണി മികച്ച നേട്ടം കൈവരിക്കാന്‍ തന്നെയാണ് സാധ്യത. അതുകൊണ്ടു നിക്ഷേപകര്‍ ഇതൊരു അവസരമായി കാണണം.
► ജാഗ്രത പുലര്‍ത്തൂ: വിപണി ഉയരുമ്പോള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്ത കമ്പനികളുടെ ഓഹരികളും വലിയ വളര്‍ച്ച കാഴ്ചവെച്ചേക്കാം. സ്ഥാപനത്തിന്റെ പ്രകടനവുമായി യാതൊരു ബന്ധവും ഈ ഉയര്‍ച്ചയ്ക്ക് കാരണമാകണം എന്നില്ല. അതുകൊണ്ട് നിക്ഷേപകന് അറിയാവുന്ന, മികച്ച വളര്‍ച്ചയുള്ള, ശക്തമായ മാനേജ്‌മെന്റ് നേതൃത്വം നല്‍കുന്ന, സാമ്പത്തികാടിത്തറയുള്ള, കടം കുറവുള്ള കമ്പനികളാണ് പരിഗണിക്കേണ്ടത്.
► മിഡ്ക്യാപ് ഓഹരികള്‍ വാങ്ങുമ്പോള്‍: തുടക്കക്കാരും ചെറുകിട നിക്ഷേപകരും മിഡ്ക്യാപ് ഓഹരികളുടെ പിന്നാലെ പോകുമ്പോള്‍ നഷ്ടസാധ്യത കൂടും എന്നോര്‍ക്കുക. എന്നാല്‍ വലിയ നേട്ടവും ഇതുവഴിയുണ്ടാക്കാനാകും. മിഡ്ക്യാപ്പുകളില്‍ ചെറിയൊരു ശതമാനം കമ്പനികള്‍ മാത്രമാണ് വന്‍ ലാഭം തരുന്ന ലാര്‍ജ്ക്യാപ്/ബ്ലൂചിപ്പ് കമ്പനികളാകുന്നത്. വളര്‍ച്ചാസാധ്യതയുള്ള മിഡ്ക്യാപ്പുകള്‍ തെരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി കാണിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ ലാര്‍ജ്ക്യാപ്പുകള്‍ തന്നെ തെരഞ്ഞെടുക്കുക.
► പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്തുക: ഓഹരി വിപണി ഇടിഞ്ഞപ്പോള്‍ നഷ്ടം വന്നുവെന്ന് ധരിച്ചിരുന്ന ചെറുകിട നിക്ഷേപകര്‍ ഇപ്പോള്‍ വിപണി ഉയര്‍ന്നപ്പോള്‍ കിട്ടിയ ലാഭമെടുത്ത് ഓഹരികളെല്ലാം വിറ്റഴിക്കുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നേട്ടം തരുന്നവ സൂക്ഷിക്കുക. കാര്യമായ നേട്ടമുണ്ടാക്കില്ലെന്ന് തോന്നുന്നവ വില്‍ക്കാം. പോര്‍ട്ട്‌ഫോളിയോ പരിശോധിച്ച് പുതിയ സാഹചര്യത്തിന് അനുസരിച്ച് മാറ്റം വരുത്തുക.
►വിലക്കുറവല്ല നോക്കേണ്ടത്: പെനി സ്റ്റോക്കുകള്‍ അഥവാ വില കുറഞ്ഞ ഓഹരികള്‍ വാങ്ങാന്‍ അമിതാവേശം കാണിക്കേണ്ട. ചില ഓഹരികള്‍ ഇപ്പോള്‍ ഓവര്‍ പ്രൈസ്ഡ് ആയി തോന്നിയേക്കാമെങ്കിലും വാല്യുവേഷനില്‍ ശ്രദ്ധിക്കുക, വിലയിലല്ല.
► നിക്ഷേപം ദീര്‍ഘകാലമാകട്ടെ: ചെറുകിട നിക്ഷേപകര്‍ ഡേ ട്രേഡിംഗിലേക്ക് ഇറങ്ങുന്നത് ബുദ്ധിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പെട്ടെന്ന് പണമുണ്ടാക്കണം എന്ന മനോഭാവം മാറ്റിവെക്കുക. ഏകദേശം നാല് വര്‍ഷത്തേക്കു കൂടി വിപണിയുടെ കുതിപ്പ് തുടരുമെന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപരീതിയാണ് തെരഞ്ഞെടുക്കേണ്ടത്.
► സാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കുക: ഇതുവരെ കയറ്റുമതി അധിഷ്ഠിത മേഖലകളായിരുന്നു മികച്ചുനിന്നിരുന്നത് എങ്കില്‍ ആ‘്യന്തര വിപണിയിലാണ് ഇനി അവസരങ്ങള്‍. ബാങ്കിംഗ്, ധനകാര്യ മേഖല, എഫ്.എം.സി.ജി, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യവികസനം, പെട്രോകെമിക്കല്‍ തുടങ്ങിയ മേഖലകളിലുള്ള മികച്ച ഓഹരികള്‍ തെരഞ്ഞെടുക്കാം. എങ്കിലും മുമ്പ് നേട്ടമുണ്ടാക്കിയിരുന്ന ഐ.റ്റി, ഫാര്‍മ തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകള്‍ ഇപ്പോഴും ആകര്‍ഷകമാണ്.

No comments:

Post a Comment