Monday, 5 January 2015

ഏറ്റവും മികച്ച ഓഹരി എങ്ങനെ തിരഞ്ഞെടുക്കും?


വിപണിയില്‍ നിന്ന് ഒരു ഓഹരി തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ അങ്ങേയറ്റം ശ്രമകരമാണ്. വിവിധ പത്ര-ന്യൂസ് ചാനലുകളില്‍ വരുന്ന വിദഗ്ധരുടെ ശുപാര്‍ശയനുസരിച്ച് വാങ്ങാം എന്നു കരുതിയാല്‍ ഓരോന്നും വ്യത്യസ്തമാണുതാനും. ഇതിലേതാണ് കറക്ട്? ഏതു തിരഞ്ഞെടുത്താലാണ് നേട്ടമുണ്ടാക്കാനാവുക?

ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തിലല്ല, മറിച്ച് മാര്‍ക്കറ്റിലെ ഭൂരിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചാണ് ഓഹരികള്‍ക്ക് വിലയേറുന്നതും ഇടിയുന്നതും. ഇത്തരത്തിലുള്ള ഭൂരിഭാഗത്തിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള തീരുമാനം നാം എടുക്കുക എന്നത് ശ്രമകരമായ സംഗതിയാണെന്ന് പറയാതെ തന്നെ അറിയാവുന്നതുമാണ്. പഴയ കാലത്ത് ഒരു പ്രമുഖ പത്രം നടത്തിയെന്നു പറയപ്പെടുന്ന ഒരു മത്സരം പോലെ! 100 സ്ത്രീകളുടെ ചിത്രം നല്‍കിയ ശേഷം അതില്‍ നിന്ന് തങ്ങള്‍ക്ക് ഏറ്റവും സുന്ദരികള്‍ എന്നു തോന്നുന്ന 6 സ്ത്രീകളുടെ ചിത്രം തിരഞ്ഞെടുക്കാനായിരുന്നു മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഇനി സമ്മാനത്തിന് അര്‍ഹര്‍ ആരാണെന്നതാണ് രസകരം. പങ്കെടുത്ത എല്ലാവരുടെയും ഉത്തരത്തിനനുസരിച്ച് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ തിരഞ്ഞെടുത്ത 6 ചിത്രങ്ങള്‍ ആവും ഇവിടെ 'ബെഞ്ച്മാര്‍ക്ക്' ആയി നിശ്ചയിക്കുക. എന്നിട്ട് ആരുടെ ഉത്തരമാണോ ഈ ബെഞ്ച്മാര്‍ക്കിനോട് ഏറ്റുവുമടുത്തു നില്‍ക്കുന്നത് അവര്‍ക്കായിരിക്കും സമ്മാനം! കേള്‍ക്കുമ്പോള്‍ വിചിത്രമെന്നും നിസ്സാരമെന്നും തോന്നാവുന്ന ഈ മത്സരം വിചാരിക്കും പോലെ അത്ര എളുപ്പമല്ല.

മത്സരാര്‍ത്ഥിയെ ബുദ്ധിമുട്ടിപ്പിക്കുന്ന ചില പ്രശ്‌നങ്ങള്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. തനിക്ക് ഏറ്റവും സുന്ദരികളെന്നു തോന്നുന്ന 6 സ്ത്രീകളെ 100 ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുക എന്നതാണ് ഒന്നാമത്തെ കടമ്പ. തന്റെ സ്വന്തം ഇഷ്ടം മാത്രം നോക്കിയാല്‍ മതിയെന്നതിനാല്‍ ഇത് അതുകൊണ്ട് തന്നെ താരതമ്യേന എളുപ്പമായ സംഗതിയാണെന്ന് പറയേണ്ടിവരും. എന്നാല്‍ ഇവിടെയല്ല യഥാര്‍ത്ഥ പ്രശ്‌നം. ഈ മത്സരത്തിന് സമ്മാനം ലഭിക്കണമെങ്കില്‍ താന്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ഭൂരിഭാഗം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ സമ്മാനം ലഭിക്കണമെങ്കില്‍ തന്റെ ഇഷ്ടം മാത്രം നോക്കിയാല്‍ പോര, മറിച്ച് ഭൂരിഭാഗം ഈ ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുക ഏതൊക്കെയാവും എന്നുകൂടി മുന്‍കൂട്ടി അറിയേണ്ടതുണ്ട്. മറ്റൊരു കാതലായ പ്രശ്‌നം കൂടി മത്സരാര്‍ത്ഥി നേരിടുന്നുണ്ട്. എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡമെന്നതാണത്. കാണുന്നവന്റെ കണ്ണുകളിലാണ് സൗന്ദര്യമെന്നു പറയുംപോലെ ഓരോരുത്തരെയും സംബന്ധിച്ച് സൗന്ദര്യത്തിന്റെ അളവുകോലുകള്‍ വ്യത്യസ്തമാണ്. ലഭ്യമായ വിവിധ ഓഹരികളില്‍ നിന്ന് ഏറ്റവും ലാഭമുണ്ടാക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ഒരാളോടു പറഞ്ഞാല്‍ അയാള്‍ നേരിടുന്ന പ്രശ്‌നവും ഇതുതന്നെയാണ്.

എന്നാല്‍ ഏറ്റവും ലാഭമുണ്ടാക്കാനിടയുള്ള ഓഹരികള്‍ എന്നതിനു പകരം നിങ്ങള്‍ക്കു ഏറ്റവും മികച്ചതെന്നു തോന്നുന്ന 6 ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ ലളിതമാകും. ഒരു കമ്പനിയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങളുടെ വിശകലനത്തിനു ശേഷമോ, പ്രൈസ് ചാര്‍ട്ടിനെക്കുറിച്ചുള്ള പഠനത്തിനുശേഷമോ വളരെ എളുപ്പത്തില്‍ 6 ഓഹരികള്‍ തിരഞ്ഞെടുക്കാം. പക്ഷേ, ഈ ഓഹരികള്‍ മാര്‍ക്കറ്റില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ മാര്‍ക്കറ്റിലെ ഭൂരിഭാഗത്തിനും ഈ ഓഹരികള്‍ തന്നെയാണ് മികച്ചതെന്ന തോന്നലുണ്ടാകണം. മേല്‍പ്പറഞ്ഞ മത്സരാര്‍ത്ഥികള്‍ നേരിടുന്നതിനു സമാനമായ പ്രശ്‌നം എന്നു മാത്രമല്ല സൗന്ദര്യത്തിന്റെ അളവുകോലുകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നു പറയുംപോലെ മികച്ച ഓഹരികള്‍ എന്ന നിര്‍വചനം ഓരോരുത്തരിലും വ്യത്യസ്തമാണുതാനും. ഏറ്റവും മികച്ച ഡിവിഡന്റ് യീല്‍ഡുള്ള ഓഹരികളാണ് ചിലര്‍ക്ക് മികച്ചതെങ്കില്‍, മറ്റു ചിലര്‍ക്ക് ഉയര്‍ന്ന ആന്തരിക മൂല്യമുള്ളവയാണ് മികച്ചത്. ചിലര്‍ക്കാകട്ടെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ളതിനോടാണ് താത്പര്യം. മറ്റു ചിലര്‍ക്ക് ഉയര്‍ന്ന വിപണി മൂല്യമുള്ളതിനോടും.

ഏറ്റവും മികച്ചതെന്ന് തോന്നിയ ഓഹരികളില്‍ നിക്ഷേപിച്ചിട്ടും എന്തുകൊണ്ടാണ് നേട്ടമുണ്ടാക്കാനാകാതെ പോയതെന്ന സംശയത്തിന്റെ ഉത്തരം ഇതുതന്നെ. ഏറ്റവും മികച്ചതെന്ന് നിങ്ങള്‍ക്കു തോന്നുന്നതിനല്ല, മറിച്ച് ഏറ്റവും മികച്ചതെന്ന് ഭൂരിഭാഗത്തിനു തോന്നുന്ന 6 ചിത്രങ്ങള്‍ക്ക് ഏറ്റവും അടുത്തു നില്‍ക്കുന്ന ഉത്തരത്തിനാണ് സമ്മാനം. ഓഹരി വിപണിയില്‍ ചിത്രങ്ങള്‍ക്കു പകരം ഓഹരികള്‍ ആണെന്ന വ്യത്യാസം മാത്രം.

ഓഹരികളുടെ തിരഞ്ഞെടുപ്പ് കെണിയായി മാറാതിരിക്കാന്‍


രാനിരിക്കുന്ന വളര്‍ച്ച നിലവിലുള്ള ഓഹരി വിലയില്‍ പ്രതിഫലിക്കാത്ത കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുന്നതിനെയാണ് 'വാല്യു പിക്ക്' (value pick) എന്ന് പറയുന്നത്. ഇന്‍ഫോസിസും ഭാരതി എയര്‍ടെല്ലും എല്‍ ആന്‍ഡ് ടിയുമൊക്കെ ഒരു കാലത്തെ വാല്യു പിക്കുകളായിരുന്നു. 


ഇന്‍ഫോസിസ് ഐപിഒ ഇറക്കിയപ്പോള്‍ ഓഹരികള്‍ വാങ്ങാനായി വേണ്ടത്ര അപേക്ഷകരുണ്ടായിരുന്നില്ല. 45 രൂപക്ക് ഐപിഒ ഇറക്കിയ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി അതിനു ശേഷം 21 രൂപ വരെ ഇടിയാന്‍ ഒരു വര്‍ഷമേ വേണ്ടിവന്നുള്ളൂ. ഈ കമ്പനികളുടെ വളര്‍ച്ചാ സാധ്യതയെ വലിയൊരു വിഭാഗം നിക്ഷേപകരും അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതേസമയം അവയുടെ വളര്‍ച്ച തിരിച്ചറിഞ്ഞ നിക്ഷേപകര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികള്‍ കൈവശം വയ്ക്കുകയും വന്‍നേട്ടം കൊയ്യുകയും ചെയ്തു. 



ഇതിനൊരു മറുവശമുണ്ട്. ഇന്‍ഫോസിസോ ഭാരതി എയര്‍ടെല്ലോ പോലെ നാളത്തെ 'മള്‍ട്ടിബാഗര്‍' (multibagger - പല മടങ്ങ് നേട്ടം നല്‍കുന്ന ഓഹരി) ആകുമെന്നു കരുതി വില കുറഞ്ഞ ഓഹരികള്‍ വാങ്ങുക എന്ന നിക്ഷേപ തന്ത്രം സ്വീകരിക്കുന്നവര്‍ പെടുന്ന കെണിയാണ് ഈ മറുവശം. ഇത്തരം ഓഹരികള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് നിക്ഷേപകര്‍ പെന്നി സ്റ്റോക്കുകളിലേക്കും (penny stocks) സ്‌മോള്‍-മൈക്രോ ക്യാപ് (small cap - micro cap) ഓഹരികളിലേക്കുമൊക്കെ ആകൃഷ്ടരാകുന്നത്. 


പൊതുവെ നിക്ഷേപകര്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പെന്നി സ്റ്റോക്കുകളോടും സ്‌മോള്‍ ക്യാപ്-മൈക്രോ ക്യാപ് ഓഹരികളോടുമുള്ള കമ്പം. പെന്നി സ്റ്റോക്കുകളെന്നാല്‍ വില കുറഞ്ഞ ഓഹരികളാണ് എന്ന തെറ്റിദ്ധാരണ നിക്ഷേപകര്‍ക്കിടയിലുണ്ട്. പൊതുവെ 10 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് പറയുന്നത്. എസ്ബിഐയുടെ ഒരു ഓഹരി വാങ്ങാന്‍ 2250 രൂപയോളം നല്‍കണമെന്നിരിക്കെ അത്രയും രൂപ നല്‍കിയാല്‍ 10 രൂപ ഓഹരി വിലയുള്ള ഒരു കമ്പനിയുടെ 225 ഓഹരികള്‍ വാങ്ങാമല്ലോ എന്ന ചിന്തയാണ് നിക്ഷേപകരെ പെന്നി സ്റ്റോക്കുകളിലേക്ക് ആകര്‍ഷിക്കുന്നത്. ഓഹരിയുടെ വില എത്ര രൂപയാണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല, കമ്പനിയുടെ മൂല്യം വിലയിരുത്തേണ്ടത് എന്ന പ്രാഥമിക കാര്യം അത്തരം നിക്ഷേപകര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. 


ഒരു കമ്പനിയുടെ ഗുണമേന്മ അളക്കേണ്ടത് കമ്പനിയുടെ മാനേജ്‌മെന്റിന്റെ മികവ്, വളര്‍ച്ചാസാധ്യത, സാമ്പത്തിക നില എന്നിവയെ ആധാരമാക്കിയാണ്. ഓഹരിയുടെ മൂല്യം വിലയിരുത്താന്‍ ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തക മൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ 10 രൂപ വിലയുള്ള ഓഹരി ചെലവേറിയതും 1000 രൂപ വിലയുള്ള ഓഹരി ചെലവ് കുറഞ്ഞതുമായിത്തീരാം. ഓഹരിയുടെ വില എത്രയായാലും അതിന്റെ മൂല്യത്തെയാണ് നിക്ഷേപകര്‍ പരിഗണിക്കേണ്ടത്. പക്ഷേ 'മൊമന്റം സ്റ്റോക്കു'കള്‍ക്കു പിന്നാലെയും കമ്പനികള്‍ നല്‍കുന്ന 'വാല്യു പിക്ക് കോളു'കള്‍ക്കു പിന്നാലെയും പായുന്നവരില്‍ സ്വന്തം നിലയില്‍ ഇത്തരം മൂല്യനിര്‍ണയം നടത്തിനോക്കാന്‍ മുതിരുന്നത് ചുരുക്കം ചിലര്‍ മാത്രം. 


രണ്ടായിരം കോടി രൂപയില്‍ താഴെ വിപണിമൂല്യമുള്ള സ്‌മോള്‍ ക്യാപ്പുകള്‍ക്കിടയിലും ആയിരം കോടി രൂപയില്‍ താഴെ വിപണിമൂല്യമുള്ള മൈക്രോ ക്യാപ്പുകള്‍ക്കിടയിലും വാല്യു പിക്കുകള്‍ക്കായി തിരഞ്ഞുനടക്കുന്നവരുണ്ട്. ഇത്തരം പിക്കുകള്‍ 'വാല്യു ട്രാപ്പ്' ആയി മാറാനുള്ള സാധ്യതയെ പലരും മുന്‍കൂട്ടി കാണാറില്ല. റിലയന്‍സ് നാച്വറല്‍ റിസോഴ്‌സസ് പോലുള്ള ഒരു കാലത്തെ 'മള്‍ട്ടിബാഗറുകള്‍' നിക്ഷേപകരെ കണ്ണീരു കുടിപ്പിച്ച കഥ മറക്കാറായിട്ടില്ല. വാല്യു പിക്കുകള്‍ വാല്യു ട്രാപ്പ് ആയി മാറാതിരിക്കാന്‍ സ്വന്തം നിലയില്‍ മിനിമം ഗവേഷണമെങ്കിലും നടത്തി നോക്കുന്നത് നന്ന്. 

കെ.അരവിന്ദ്‌

Friday, 2 January 2015

ഫണ്ടുകളിലെ നിക്ഷേപ വിവരങ്ങള്‍ ഇനി ഒരു സ്റ്റേറ്റ്‌മെന്റില്‍


കൊച്ചിയിലെ ചെറുകിട വ്യാപാരിയുടെ മകളായ ആരതി ഫയലില്‍ സൂക്ഷിച്ചിരുന്ന ഒരുകെട്ടു പേപ്പറുകളുമായാണ് ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ ഓഫീസിലെത്തിയത്. പൊടിഞ്ഞുതുടങ്ങിയവയായിരുന്നു കടലാസുകളിലേറെയും. അവയിലൂടെ പരതിയപ്പോഴാണ് എല്ലാം പലസമയങ്ങളിലായി നിക്ഷേപിച്ച മ്യൂച്വല്‍ ഫണ്ടുകളുടെ വിവരങ്ങളാണെന്ന് മനസിലായത്. 


നിക്ഷേപസമയത്ത് ലഭിച്ച സ്റ്റേറ്റുമെന്റുകളായിരുന്നു അവയൊക്കെ. ഏതൊക്കെ ഫണ്ടുകളിലാണ് നിക്ഷേപമുള്ളതെന്നോ എത്ര മൂല്യണ്ടെന്നോ ആരതിക്ക് അറിയില്ലായിരുന്നു. നിലവില്‍ വിപണിയിലില്ലാത്ത ഫണ്ടുകളുമുണ്ടായിരുന്നു. ചില ഫണ്ട് കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുപോലുമില്ല(ഇവ മറ്റ് എഎംസികള്‍ ലയിച്ചതാണ് കാരണം). പല ഫണ്ടുകളുടേയും പേരുകള്‍ മാറിയിരിക്കുന്നു. അവയുടെയെല്ലാം മൂല്യം കണക്കാക്കലായിരുന്നു ആദ്യപടി.

ഓഹരി വിപണിയിലെ കുതിപ്പ് പല ഫണ്ടുകളിലും മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിച്ചിരുന്നു. ഏതായാലും ലോട്ടറിയടിച്ചാലുണ്ടാകുന്നതുപോലുള്ള സന്തോഷത്തോടെയാണ് ആരതി അവിടെനിന്ന് പോയത്. കയ്യിലുള്ള പഴയ പേപ്പറുകളില്‍ കാണിച്ചിരിക്കുന്ന ഫണ്ടുകളുടെ മൂല്യം പത്തുലക്ഷത്തിലേറെ വരും!.

ഇനി ഒരു സ്റ്റേറ്റ്‌മെന്റ്


മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം എളുപ്പത്തില്‍ മനസിലാക്കാന്‍ പൊതുവായ സ്റ്റേറ്റ്‌മെന്റ് നല്‍കാന്‍ സെബി ഫണ്ട് കമ്പനികളോട് നിര്‍ദേശിച്ചുകഴിഞ്ഞു. ഏതൊക്കെ ഫണ്ടുകളില്‍ നിക്ഷേപമുണ്ടെന്നും അവയുടെ മൂല്യമെത്രയാണെന്നും എളുപ്പത്തില്‍ മനസിലാക്കാന്‍ ഇത് സഹായിക്കുന്നു. വ്യത്യസ്ത സമയങ്ങളില്‍ ഏതൊക്കെ ഫണ്ടുകളില്‍ നിക്ഷേപിച്ചാലും ഒരൊറ്റ സ്റ്റേറ്റ് മെന്റില്‍ വിവരങ്ങളെല്ലാം നല്‍കുന്നതാണ് പദ്ധതി.

സര്‍ക്കാര്‍ ഓഫീസുകളിലെ ഫലയുകള്‍ പോലെ ഫണ്ടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ഇനി സൂക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം. അതാത് മാസത്തെ നിക്ഷേപങ്ങളുടെ വിവരങ്ങളുമായി ഇ-മെയിലിലോ തപാലിലോ സ്റ്റേറ്റ്‌മെന്റ് ലഭിക്കും. തുടര്‍ച്ചയായി നിക്ഷേപം നടത്താത്തവരാണെങ്കില്‍ കൈവശമുള്ള ഫണ്ടുകളുടെ വിവരങ്ങളുമായി വര്‍ഷത്തില്‍ രണ്ടുതവണ സ്റ്റേറ്റ്‌മെന്റ് എത്തും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഫണ്ട് കമ്പനികള്‍ക്ക് നവംബര്‍ 12ന് സെബി കൈമാറി. കാംസ്, കാര്‍വി തുടങ്ങിയ മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരും എഎംസി(ഫണ്ട് കമ്പനി)കളുമാണ് ഇത് നടപ്പാക്കേണ്ടത്.2015 മാര്‍ച്ച് മുതല്‍ പദ്ധതി നിലവില്‍വരും.

പ്രത്യേകതകള്‍


1. ഒരു സ്റ്റേറ്റ്‌മെന്റില്‍ (സിഎഎസ്-കണ്‍സോളിഡേറ്റഡ് അക്കൗണ്ട് സ്‌റ്റേറ്റ് മെന്റ്) ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും.

2.ഇടയ്ക്കിടെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് അതാത് മാസാവസാനം സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. ഇടപാടൊന്നും നടത്തിയില്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ട് തവണ കൈവശമുള്ള ഫണ്ടുകളുടെ വിവരങ്ങളും അവയുടെ മൂല്യവും അറിയിക്കും.

3.പാന്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് വിവിധ ഫണ്ടുകളിലുള്ള നിക്ഷേപം ക്രോഡീകരിക്കുന്നത്(നിലവില്‍ പാന്‍നമ്പര്‍ ഇല്ലാതെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം സാധ്യമല്ല). പാന്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് നിക്ഷേപിച്ചവര്‍ കെവൈസി നിബന്ധനകള്‍ പാലിക്കുക.

4. ഫണ്ട് ഡീമാറ്റ് രൂപത്തിലാണെങ്കില്‍ എസ്ഡിഎല്‍, സിഡിഎസ്എല്‍ എന്നിവയായിരിക്കും സ്റ്റേറ്റ്‌മെന്റ് അയയ്ക്കുക. അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് രജിസ്ട്രാര്‍മാരോ ഫണ്ട് കമ്പനികളോ ആയിരിക്കും ഇത് കൈകാര്യം ചെയ്യുക.

5. ഇ-മെയിലോ തപാലോ ഏത് രീതി വേണമെങ്കിലും നിക്ഷേപകന് തിരഞ്ഞെടുക്കാം.

ബിഎസ്ഇ 500-ല്‍ 25 ശതമാനത്തിലധികം ലാഭവിഹിതം നല്‍കിയത് 38 കമ്പനികള്‍


മുടക്കിയ പണം ഏത് നിമിഷവും ആവിയായി പോകാന്‍ സാധ്യതയുള്ളതിനാലാണ് ഓഹരിയില്‍ നിക്ഷേപിക്കാന്‍ പലരും മടിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിത മാര്‍ഗമായ ബാങ്ക് എഫ്ഡിയില്‍ നിക്ഷേപിച്ച് ഇവര്‍ തൃപ്തിയടയുന്നു. നിശ്ചിതതുക ഉറപ്പുള്ളനേട്ടം ലഭിക്കുമെന്നതിനാലാണ് സാധാരണക്കാര്‍ക്കിടയില്‍ ബാങ്ക് സ്ഥിരനിക്ഷേപം കൂടുതല്‍ ആകര്‍ഷകമായത്. രാജ്യത്തെ കുടുംബസമ്പാദ്യങ്ങളില്‍ അഞ്ചുശതമാനംപോലും ഓഹരിയില്‍ നിക്ഷേപിക്കാത്തതിന്റെ കാരണവും അതുതന്നെ.

എന്നാല്‍ കൃത്യമായ ഇടവേളകളില്‍ മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് മടിക്കേണ്ടതില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബിഎസ്ഇ 500 സൂചികയിലുള്ള 38 കമ്പനികള്‍ കൃത്യമായ കാലാവധിയില്‍ 25 ശതമാനത്തോളം ലാഭവിഹിതം നല്‍കിയതായി കാണാം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സെന്‍സെക്‌സ് സൂചികയിലുണ്ടായ നേട്ടം 17 ശതമാനമാണ്. മികച്ച ലാഭവിഹിതം നല്‍കിയ കമ്പനികള്‍ ഇക്കാലയളവില്‍ നിക്ഷേപകന് കൈമാറിയതാകട്ടെ (ലാഭവിഹിതത്തിന് പുറമെ) 38 ശതമാനത്തോളം നേട്ടമാണ്. ഈ കമ്പനികള്‍ തുടര്‍ന്നും നിക്ഷേപകര്‍ക്ക് മികച്ച ലാഭവിഹിതം നല്‍കുമോയെന്ന് നിക്ഷേപകര്‍ക്ക് സ്വാഭാവികമായും സംശയമുണ്ടായേക്കാം. നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ലാഭവിഹിതം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുന്നത്. ഇത്തരം കമ്പനികളില്‍നിന്ന് ഓരോവര്‍ഷവും ലാഭവിഹിതം പ്രതീക്ഷിക്കാം. വര്‍ഷങ്ങളായി മികച്ച പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികളായതിനാല്‍ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപമായി ഇവയുടെ ഓഹരികളില്‍ പണംമുടക്കാം. 


ശ്രദ്ധിക്കേണ്ടകാര്യം


പെട്ടെന്ന് ആവശ്യംവന്നേക്കാവുന്ന പണം ഓഹരിയില്‍ നിക്ഷേപിക്കരുത്. അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം നിക്ഷേപ കാലാവധിയായി മുന്നില്‍ കാണുക.

വിപണിയുടെ തകര്‍ച്ച നേട്ടമാക്കിയത് ഫണ്ട് കമ്പനികള്‍


 ഡിസംബര്‍ രണ്ടാംവാരത്തില്‍ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അവസരം നേട്ടമാക്കിയത് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍. തകര്‍ച്ചയുണ്ടാകുന്നത് നോക്കിയിരുന്ന ഫണ്ട് മാനേജര്‍മാര്‍ 4,678 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. സൂചികകള്‍ റെക്കോഡ് നേട്ടമുണ്ടാക്കിയ നവംബര്‍ മാസത്തില്‍ വിപണിയിലിറക്കിയതിന്റെ മൂന്ന് മടങ്ങുവരും ഈ തുക. 

പ്രമുഖ സൂചികകളെല്ലാം ശരാശരി ഏഴ് ശതമാനം നഷ്ടമുണ്ടാക്കിയപ്പോഴാണ് ഫണ്ട് മാനേജര്‍മാര്‍ വിപണിയിലേയ്ക്ക് ഇരച്ചുകയറിയത്. സെന്‍സെക്‌സ് 2000 പോയന്റും നിഫ്റ്റി 600 പോയന്റുമാണ് രണ്ടാഴ്ചകൊണ്ട് താഴ്ന്നത്. തകര്‍ച്ചയുടെ വ്യാപാരദിനങ്ങളില്‍ ശരാശരി ആയിരം കോടി രൂപവീതമാണ് ഫണ്ടുകള്‍ വിപണിയിലിറക്കിയത്.

ഡിസംബര്‍ എട്ടിന് നിഫ്റ്റിയില്‍ 100 പോയന്റ് നഷ്ടമുണ്ടായപ്പോള്‍ 945 കോടിയും രണ്ടാമത്തെ കനത്തനഷ്ടമുണ്ടായ ഡിസംബര്‍ 17ന് 1,023 കോടി രൂപയും ഫണ്ട് കമ്പനികള്‍ വിപണിയിലിറക്കി(ഗ്രാഫ് കാണുക).. 

വിപണി റെക്കോഡ് നേട്ടത്തിലെത്തിയ നവംബറില്‍ ഫണ്ട് കമ്പനികള്‍ ആകെ വിപണിയില്‍ നിക്ഷേപിച്ചത് 1,677 കോടി രൂപയാണ് മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിമാസം ശരാശരി 5000 കോടി രൂപയുടെ നിക്ഷേപം നടന്നിരുന്ന സ്ഥാനത്തായിരുന്നുഇത്. മികച്ച ഓഹരികള്‍ താഴ്ന്ന വിലയില്‍ വാങ്ങുകയെന്ന തന്ത്രം മുന്നില്‍കണ്ടായിരുന്നു ഫണ്ട് കമ്പനികളുടെ നീക്കം.

എണ്ണവിലയിടിവ് നേട്ടമാക്കിയ ഓഹരികള്‍


2008ല്‍ ബാരലിന് 140 ഡോളറിലെത്തിയ എണ്ണവില അടിത്തട്ട് കണ്ടുതുടങ്ങി. ബാരലിന് 70 ഡോളര്‍ നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇതിന് മുമ്പ് എണ്ണവിലയില്‍ വന്‍ ഇടിവ് നേരിട്ടത് 2008 ജൂലായ്ക്കും 2009 ഫിബ്രവരിക്കും ഇടയിലാണ്. ആഗോള വ്യാപകമായി സാമ്പത്തികമാന്ദ്യം പിടിമുറുക്കാന്‍പോകുന്നുവെന്ന സൂചനലഭിച്ചതോടെയാണ് 2008ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 140 ഡോളറിലെത്തിയ എണ്ണവിലയില്‍ 67 ശതമാനം ഇടിവുണ്ടായത്. കഴിഞ്ഞ ജൂണിലെ നിരക്കില്‍നിന്നുമാത്രം 40 ശതമാനം ഇടിവാണ് ഇതുവരെയുണ്ടായത്.

2008ല്‍ സാമ്പത്തിക മാന്ദ്യ സൂചനകളോടൊപ്പം എണ്ണവില താഴ്ന്നപ്പോള്‍ ഓഹരികളും കൂപ്പുകുത്തിയതായി കണ്ടു. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോഴുണ്ടായ എണ്ണവിലയിടിവ് ഓഹരി സൂചികകള്‍ക്ക് കരുത്തപകരുകയാണുണ്ടായത്. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ രാജ്യത്തെ ഓഹരി വിപണികളില്‍ പിടിമുറുക്കിയതോടെയാണ് നേട്ടത്തിന്റെ പാതയിലെ തടസ്സങ്ങള്‍ മാറിയത്.

രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്കാണ് എണ്ണവിലയിടിവ് ഏറ്റവും ഗുണകരമായത്. അതോടൊപ്പം വാഹന നിര്‍മാതാക്കള്‍ക്കും വിലയിടിവ് കരുത്തുപകര്‍ന്നു. ഈ വിഭാഗത്തില്‍പ്പെടാത്ത ലാര്‍ജ് ക്യാപ് ഓഹരികളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, യുണൈറ്റഡ് സ്പിരിറ്റ്‌സ്, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഡിവീസ് ലാബ് തുടങ്ങിയവയും എണ്ണവിലയിടിവ് നേട്ടമാക്കി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ മാത്രം ശരാശരി 17 ശതമാനം നേട്ടമുണ്ടാക്കി. മറ്റ് ഓഹരികളുടെ നേട്ടം വിലയിരുത്താം

2014 ഇൽ നിക്ഷേപകര്ക് ഓഹരി വിപണി കൊടുത്തത് 28 ലക്ഷം കോടി